സംയോജിത പുനരധിവാസ ഗ്രാമം പദ്ധതിയുടെ ശിലാസ്ഥാപന കർമം മന്ത്രി ഡോ. ബിന്ദു നിർവഹിച്ചു
മലപ്പുറം : ഭിന്നശേഷി സമൂഹത്തിൻറെ സമഗ്ര പുനരധിവാസം ലക്ഷ്യമാക്കി സംസ്ഥാനത്താദ്യമായി തിരൂർ താലൂക്കിലെ കുറുമ്പത്തൂർ വില്ലേജിൽ തുടക്കം കുറിക്കുന്ന ഭിന്നശേഷി പുനരധിവാസ ഗ്രാമത്തിന്റെ ശിലാസ്ഥാപന കർമ്മം ഉന്നത വിദ്യാഭ്യാസ -സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ .ബിന്ദു നിർവഹിച്ചു.
ഏറ്റവും കൂടുതൽ ഭിന്നശേഷിക്കാർ ഉള്ള ജില്ലയായതിനാൽ മലപ്പുറം ജില്ലയ്ക്ക് ഭിന്നശേഷി സംബന്ധമായ പദ്ധതികളിൽ പ്രഥമ പരിഗണന നൽകുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. ചരിത്രത്തിലെ തന്നെ വളരെ പ്രധാനപ്പെട്ട സംരംഭമാണ് സംയോജിത ഗ്രാമം പദ്ധതി. ഏതാനും വർഷം മുൻപ് സാമൂഹ്യ മാധ്യമം വഴി ഭിന്നശേഷി കുട്ടിയുടെ പിതാവിൽ നിന്നും ലഭിച്ച അപേക്ഷയിൽ നിന്നാണ് ഈ സംരംഭത്തിന്റെ തന്നെ തുടക്കം കുറിക്കപ്പെടുന്നത്. സംസ്ഥാനത്ത് മൂന്ന് സംയോജിത ഗ്രാമങ്ങളാണ് നിർമ്മിക്കുന്നത്. ഇതിൽ ആദ്യത്തെ ഗ്രാമമാണ് ആതവനാട് വരുന്നത്. 68 കോടി രൂപയുടെ പദ്ധതിയ്ക്ക് ആദ്യഘട്ടമായി അഞ്ചു കോടി അനുവദിച്ചിട്ടുണ്ട് ഘട്ടം ഘട്ടമായി മുഴുവൻ തുകയും ലഭ്യമാകും. ' വിദ്യാകിരണം ' ' സ്വാശ്രയ ',' പരിണയം ', 'അതിജീവനം' എന്നിങ്ങനെ നിരവധി പദ്ധതികൾ ഭിന്നശേഷി സമൂഹത്തിനായി സർക്കാർ നടപ്പിലാക്കുന്നുണ്ട്. സി.ഡി.എം.ആർ.പി, കേരള സാമൂഹ്യ സുരക്ഷാ മിഷൻ എന്നീ പദ്ധതികൾ അഭിനന്ദനാർഹമായ രീതിയിൽ ജില്ലയിൽ നടന്നു വരുന്നുണ്ട്. കുടുംബശ്രീ പോലെ ഭിന്നശേഷി സമൂഹത്തിനായി സ്വയം സഹായ നെറ്റ്‌വർക്ക് എന്ന നിലയ്ക്ക് 'സുശക്തി' എന്ന പേരിൽ പദ്ധതി തുടങ്ങും എന്നും മന്ത്രി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.
ആതവനാട് നടന്ന ചടങ്ങിൽ കുറുക്കോളി മൊയ്തീൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. ആതവനാട് കുറുമ്പത്തൂരിലെ അഞ്ചേക്കർ ഭൂമിയിൽ സാമൂഹ്യനീതി വകുപ്പിന് കീഴിലായാണ് പുനരധിവാസ ഗ്രാമം ഉയരുന്നത്. ഭിന്നശേഷി അവകാശ നിയമപ്രകാരം ഭിന്നശേഷിക്കാരുടെ പുരോഗതിക്കായി ക്ഷേമം, അവകാശ സംരക്ഷണം, അവസരസമത്വത്തിനുള്ള കരുതൽ നടപടി, വ്യക്തിസ്വാതന്ത്ര്യത്തിനുള്ള തടസ്സങ്ങൾ നീക്കൽ, സാമൂഹ്യപ്രക്രിയയിലുള്ള പൂർണ്ണ പങ്കാളിത്തം എന്നിവ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി സകല മേഖലകളിലും തുല്യ അവസരം ഉറപ്പുവരുത്തുന്നത് ലക്ഷ്യമിട്ടാണ് പുനരധിവാസ ഗ്രാമത്തിന് തുടക്കം കുറിക്കുന്നത്. കോസ്റ്റ്ഫോർഡിനാണ് നിർമാണ ചുമതല.
പരിപാടിയിൽ സാമൂഹ്യനീതി വകുപ്പ് സ്പെഷ്യൽ സെക്രട്ടറി ഡോ. അദീല അബ്ദുള്ള സ്വാഗതം ആശംസിച്ചു. കോസ്റ്റ്ഫോർഡ് സീനിയർ പ്രോജക്ട് ഡയറക്ടർ ടി.കെ സ്കന്ദകുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. സാമൂഹ്യനീതി വകുപ്പ് ഡയറക്ടർ ഡോ. അരുൺ എസ് നായർ, പ്രവാസി ക്ഷേമ ബോർഡ് ചെയർമാൻ ഗഫൂർ പി.ലില്ലിസ്, കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എ.വി അജയ്, ആതവനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി ആസാദ്, വൈസ് പ്രസിഡന്റ് സാജിത പുന്നക്കാട്, മറ്റ് തദ്ദേശസ്ഥാപന പ്രതിനിധികൾ രാഷ്ട്രീയ പ്രവർത്തകർ തുടങ്ങിയവർ സംബന്ധിച്ചു.
പ്രാദേശികം
'എന്റെ സ്കൂള്‍ എന്റെ അഭിമാനം' റീല്‍സ് മത്സരം: രണ്ടാം സ്ഥാനത്തിന്റെ നിറവില്‍ എ.വി.എച്ച്.എസ് പൊന്നാനി 17 November 2025
പ്രാദേശികം
സൗജന്യ യാത്രയുടെ ഗുണം മലപ്പുറത്ത് ലഭിക്കുക ഒരു ശതമാനം ബസ്സുകളിൽ മാത്രം 11 June 2026
പ്രാദേശികം
ഓണം ഖാദി മേളയ്ക്ക് തുടക്കം 14 August 2025
സ്പോർട്സ്
പൊന്നാനിക്ക് ഇരട്ടിമധുരം : ഇൻഡോർ സ്റ്റേഡിയത്തിന് പുറമേ മറ്റൊരു കളിക്കളം കൂടി 09 August 2025