മലപ്പുറം : മലപ്പുറം ജില്ലയിലെ ആരോഗ്യ ചികിത്സാ സംവിധാനങ്ങൾ ശക്തമാക്കുകയും രോഗപ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്തുകയും ചെയ്യുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ. ജബ്ബാർ ഹാജി. മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ കോട്ടക്കുന്ന് ഡി.ടി.പി.സി ഹാളിൽ വച്ച് നടന്ന ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ, സെക്രട്ടറിമാർ, ജില്ലയിലെ മുഴുവൻ ഹൈസ്കൂൾ-ഹയർ സെക്കൻഡറി പ്രിൻസിപ്പൽമാർ, ഹെഡ്മാസ്റ്റർമാർ എന്നിവരുടെ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ ജില്ലാ കളക്ടർ വിനയ് ഗോയൽ അധ്യക്ഷത വഹിച്ചു.
മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ നിർദേശം പരിഗണിച്ച് ജില്ലയ്ക്ക് കാൻസർ ആശുപത്രി അനുവദിച്ച സംസ്ഥാന സർക്കാരിന് അദ്ദേഹം നന്ദി അറിയിച്ചു. ആശുപത്രിയുടെ തുടക്കനടപടികൾക്കായി ജില്ലയിൽ നിന്നുള്ള മന്ത്രിമാരുമായി ആലോചിച്ച് ആവശ്യമായ തീരുമാനങ്ങൾ കൈക്കൊള്ളുമെന്നും അദ്ദേഹം വ്യക്തമാക്കി.
ജില്ലയിൽ ഷിഗെല്ല രോഗം റിപ്പോർട്ട് ചെയ്യുകയും വിദ്യാർഥി ഉൾപ്പെടെ മരണപ്പെടുകയും ചെയ്ത സാഹചര്യത്തിൽ, പൊതുജനങ്ങളുടെ ആരോഗ്യസംരക്ഷണവും പകർച്ചവ്യാധി പ്രതിരോധവും ലക്ഷ്യമിട്ട് വിപുലമായ ആരോഗ്യ സുരക്ഷാ പദ്ധതികളാണ് ജില്ലാ പഞ്ചായത്തും ജില്ലാ ഭരണകൂടവും സംയുക്തമായി നടപ്പാക്കുന്നത്. പ്രതിരോധ പ്രവർത്തനങ്ങൾ താഴെത്തട്ടിൽ കൃത്യമായി നടപ്പാക്കുന്നതിനും അവ നിരീക്ഷിക്കുന്നതിനുമുള്ള വിപുലമായ സംവിധാനം ഒരുക്കിയിട്ടുണ്ടെന്ന് കളക്ടർ പറഞ്ഞു. ഇതിന്റെ ഭാഗമായി ജില്ലാ ഭരണകൂടവും തദ്ദേശ സ്വയംഭരണ വകുപ്പും ജില്ലാ ആരോഗ്യവകുപ്പും സംയുക്തമായി, വിവിധ ഗ്രാമപഞ്ചായത്തുകളുടെയും മുൻസിപ്പാലിറ്റികളുടെയും ഇതര വകുപ്പുകളുടെയും സഹകരണത്തോടെ രണ്ടാഴ്ച നീണ്ടുനിൽക്കുന്ന ആരോഗ്യ സുരക്ഷാ ക്യാമ്പയിന് തുടക്കം കുറിച്ചിട്ടുണ്ട്. പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്തുന്നതിന്റെ ഭാഗമായി ജില്ലയിലുടനീളം പരിശോധനകളും ബോധവൽക്കരണ പരിപാടികളും നടന്നുവരികയാണ്.
ഷിഗെല്ല ഉൾപ്പെടെയുള്ള രോഗങ്ങൾ ജില്ലയിൽ പടരുന്ന സാഹചര്യത്തിൽ നടപ്പാക്കേണ്ട രോഗപ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ആക്ഷൻ പ്ലാൻ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എ.ഷിബുലാൽ യോഗത്തിൽ അവതരിപ്പിച്ചു. മഴക്കാലത്തോടനുബന്ധിച്ച് ജില്ലയിൽ ഡെങ്കിപ്പനി, എലിപ്പനി, മറ്റ് പകർച്ചവ്യാധികൾ എന്നിവ പടർന്നുപിടിക്കാതിരിക്കാൻ താഴെത്തട്ടിൽ ശക്തമായ പ്രതിരോധ പ്രവർത്തനങ്ങൾ നടപ്പിലാക്കാനും, ആരോഗ്യ ജാഗ്രത ക്യാമ്പയിൻ, ഉറവിട നശീകരണ വാരം എന്നിവ തദ്ദേശ സ്ഥാപനങ്ങളുടെ ഏകോപനത്തോടെ നടത്താനും യോഗം തീരുമാനിച്ചു. വീടുകളിലും സ്ഥാപനങ്ങളിലും 'ഡ്രൈ ഡേ' ആചരിക്കാനും യോഗം ആഹ്വാനം ചെയ്തു.
ചടങ്ങിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. എ.പി. സ്മിജി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി.കെ. അസ്ലു, എൻ.എച്ച്.എം ജില്ലാ പ്രോജക്ട് മാനേജർ ഡോ. ജാനിഫ്, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ, ജില്ലാ പഞ്ചായത്ത് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.
ഉച്ചയ്ക്ക് ശേഷം ഡി.ടി.പി.സി ഹാളിൽ വച്ച് നടന്ന അധ്യാപകരുടെ യോഗത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടിഡയറക്ടർ ടി.വി.റഫീഖ്, ഹയർ സെക്കൻഡറി റീജിയണൽ ഡയറക്ടർ ജൂഡ് ലൂയിസ് എന്നിവർ സംസാരിച്ചു. തുടർന്ന് ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്ന യോഗത്തിൽ വിവിധ ജില്ലാ ആശുപത്രി സൂപ്രണ്ടുമാരും, ഫാം സൂപ്രണ്ടുമാരും, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്തു. സ്കൂളുകളിലും ആശുപത്രികളിലും നടപ്പാക്കേണ്ട പ്രവർത്തനങ്ങൾക്ക് യോഗം അന്തിമ രൂപം നൽകി. ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി.എം. രാജീവ് സ്വാഗതവും ഷാനവാസ് നന്ദിയും പറഞ്ഞു.
പ്രാദേശികം
തിരൂരങ്ങാടി താലൂക്ക് ഏകദിന വ്യവസായ നിക്ഷേപക സംഗമം സംഘടിപ്പിച്ചു 22 July 2025
പ്രാദേശികം
വിവിധ സ്കോളർഷിപ് വിജയികളെ മന്ത്രി വി. ശിവൻകുട്ടി അനുമോദിച്ചു 05 August 2025
പ്രാദേശികം
തൊഴില്‍ അവസരങ്ങള്‍ സാധാരണക്കാര്‍ക്കും ലഭ്യമാകണം: ജില്ലാ കലക്ടര്‍ ഡോ. വിനയ് ഗോയല്‍ 29 July 2026
പ്രാദേശികം
വൈദ്യുതി അപകടങ്ങള്‍ ഇല്ലാതാക്കാന്‍ നടപടികള്‍ ശക്തമാക്കും 29 July 2025
ഗുഡ് സ്റ്റോറി
ബോധവത്കരണ- പ്രചാരണ പ്രവർത്തനങ്ങൾക്ക് ഫലം കാണുന്നു ;ജില്ലയിൽ ഗാർഹിക പ്രസവങ്ങളിൽ ഗണ്യമായ കുറവ് 05 September 2025