വണ്ടൂർ : വനവും വന്യജീവികളും സംരക്ഷിക്കപ്പെടുന്നതോടൊപ്പം മനുഷ്യരുടെ അവകാശങ്ങളും പ്രശ്നങ്ങളും പരിഹരിക്കപ്പെടണമെന്നും ഫോറസ്റ്റ് സ്റ്റേഷനുകൾ കൂടുതൽ ജനസൗഹൃദമായി മാറണമെന്നും റവന്യൂ വകുപ്പ് മന്ത്രി എ.പി. അനിൽകുമാർ. സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ്മപരിപാടിയുടെ ഭാഗമായി വനം-വന്യജീവി വകുപ്പ് നിലമ്പൂർ സൗത്ത് ഡിവിഷന്റെ ആഭിമുഖ്യത്തിൽ വണ്ടൂർ ബ്ലോക്ക് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ച വനം അദാലത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. മലയോര മേഖലകളിൽ മനുഷ്യ-വന്യജീവി സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ ജനങ്ങളുമായി മികച്ച സൗഹൃദവും സഹകരണവും ഉണ്ടാക്കിയെടുക്കേണ്ടത് ആവശ്യമാണ്.
മുൻകാലങ്ങളെ അപേക്ഷിച്ച് വന്യജീവികളുടെ സാന്നിധ്യം ജനവാസ മേഖലകളിൽ ക്രമാതീതമായി വർധിച്ചിട്ടുണ്ട്. ഇത് തടയുന്നതിന് ശക്തമായ പ്രതിരോധ സംവിധാനങ്ങൾ ഒരുക്കും. കരുളായി ഗ്രാമപഞ്ചായത്തിലടക്കം വന്യമൃഗശല്യം രൂക്ഷമായ മേഖലകളിൽ പ്രതിരോധ വേലി സ്ഥാപിക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കുമെന്നും മന്ത്രി പറഞ്ഞു. ജനങ്ങളുടെ പ്രശ്നങ്ങൾ വേഗത്തിൽ കേൾക്കാനും പരിഹരിക്കാനുമുള്ള മികച്ച വേദികളാണ് അദാലത്തുകൾ. റവന്യൂ-വനം വകുപ്പുകൾ സംയുക്തമായി യോഗം ചേർന്ന് ആദിവാസി മേഖലയിലെയും മറ്റു ജനവിഭാഗങ്ങളുടെയും പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി. ആറ് അപേക്ഷകർക്കുള്ള വനം നിരാക്ഷേപ സാക്ഷ്യപത്രം (എൻ.ഒ.സി) വിതരണവും വന്യജീവി ആക്രമണത്തിന് ഇരയായ എട്ട് പേർക്കുള്ള നഷ്ടപരിഹാര വിതരണവും മന്ത്രി നിർവഹിച്ചു.
ചടങ്ങിൽ വണ്ടൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അമൃത ടീച്ചർ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗങ്ങളായ മുസ്തഫ അബ്ദുൽ ലത്തീഫ്, ഷാഹിന നിയാസി, കാളികാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പി. ജസീറ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ കെ.ടി. ഷംസുദ്ദീൻ (വണ്ടൂർ), പി.ആർ. രോഹിൽനാഥ് (പാണ്ടിക്കാട്), സുമ താരിയൻ (തിരുവാലി), രമ രാജൻ (കാളികാവ്), കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ സൈഫുന്നീസ തുടങ്ങിയവർ സംസാരിച്ചു. ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ ജി. ധനിക് ലാൽ സ്വാഗതവും കാളികാവ് റേഞ്ച് ഫോറസ്റ്റ് ഓഫീസർ പി.ടി. മുബഷിർ നന്ദിയും പറഞ്ഞു.
മനുഷ്യ–വന്യജീവി സംഘർഷം മൂലമുണ്ടാകുന്ന നാശനഷ്ടങ്ങൾക്കുള്ള നഷ്ടപരിഹാര അപേക്ഷകൾ, വനം വകുപ്പിൽ നിന്നുള്ള നിരാക്ഷേപ സാക്ഷ്യപത്രം ഉൾപ്പെടെയുള്ള വിവിധ സേവനങ്ങൾ ലഭ്യമാക്കൽ, മറ്റ് വനംവകുപ്പ് വിഷയങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട് 12 പരാതികളാണ് അദാലത്തിൽ ലഭിച്ചത്.
പ്രാദേശികം
ഫോറസ്റ്റ് സ്റ്റേഷനുകൾ കൂടുതൽ ജനസൗഹൃദമാകണം: മന്ത്രി എ.പി. അനിൽകുമാർ 15 August 2026
പ്രാദേശികം
വികസന നേട്ടങ്ങള്‍ അക്കമിട്ട് അവതരിപ്പിച്ച് മേലാറ്റൂര്‍ ഗ്രാമ പഞ്ചായത്തില്‍ വികസന സദസ് നടന്നു 08 October 2025
പ്രാദേശികം
കേരള ഹജ്ജ് കമ്മിറ്റി ഓഫീസ് സ്മാര്‍ട്ട് ഓഫീസ് ആയി 26 July 2025
പ്രാദേശികം
മലപ്പുറം ജെ.എസ്.എസ് പുതിയ ഓഫീസും പരിശീലന കേന്ദ്രവും ടൗണ്‍ഹാളില്‍ പ്രവര്‍ത്തനം ആരംഭിച്ചു 29 September 2025
ഗുഡ് സ്റ്റോറി
അസം സ്വദേശിനിക്കും കുഞ്ഞുങ്ങള്‍ക്കും ആശ്രയമായി സഖി വണ്‍ സ്റ്റോപ്പ് സെന്റര്‍ 28 August 2025