പുനർഗേഹം പദ്ധതി പ്രകാരം മത്സ്യത്തൊഴിലാളികൾക്കുള്ള ഫ്ലാറ്റ് സമുച്ചയം ഉണ്യാലിൽ ഉദ്ഘാടനം ചെയ്തു
താനൂർ : നാട് പ്രതിസന്ധി നേരിട്ട ഘട്ടത്തിൽ സ്വജീവൻ പോലും നോക്കാതെ രക്ഷക്കെത്തിയ കേരളത്തിന്റെ സ്വന്തം സൈന്യമായ മത്സ്യത്തൊഴിലാളികൾക്കായി എന്തു ചെയ്താലും അധികമാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തീരദേശത്ത് വേലിയേറ്റ മേഖലയിൽ നിന്നും 50 മീറ്റർ പരിധിക്കുള്ളിൽ താമസിക്കുന്ന മത്സ്യത്തൊഴിലാളികൾക്ക് സുരക്ഷിത വാസസ്ഥലം ഒരുക്കുന്ന സർക്കാരിന്റെ പുനർഗേഹം പദ്ധതി പ്രകാരം നിറമരുതൂർ ഗ്രാമപഞ്ചായത്തിലെ ഉണ്യാലിൽ നിർമ്മിച്ച ഫ്ലാറ്റ് സമുച്ചയത്തിന്റെ ഉദ്ഘാടനം ഓൺലൈനായി നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. 'വലിയ കടൽ തീരം ഉള്ളതുകൊണ്ട് തന്നെ കേരളത്തിലെ കടൽ പല ഭാഗത്തും കരയെടുക്കുന്നു. കടലാക്രമണം നേരിടുന്ന പ്രശ്നവുമുണ്ട്. ഇതിനായി പ്രതിരോധ നടപടികൾ സ്വീകരിക്കും. സംസ്ഥാനത്തിന്റെ വിഭവശേഷി കൊണ്ടു മാത്രം പദ്ധതികൾ പൂർത്തിയാക്കാൻ കഴിയില്ല. കേന്ദ്രസർക്കാരിന്റെ സഹായം ആവശ്യമാണ്. തീരദേശ സംരക്ഷണത്തിനായി തീരദേശ സംരക്ഷണ പാക്കേജ് കേന്ദ്രസർക്കാരിന് സമർപ്പിച്ചിരുന്നുവെങ്കിലും പല കാര്യങ്ങളിലും ഉള്ളതുപോലെ തന്നെ വേണ്ട പരിഗണന ലഭിച്ചില്ല. സംസ്ഥാനത്തിന്റെ പരിമിതമായ വിഭവശേഷി വെച്ചാണ് കാര്യങ്ങൾ ചെയ്യുന്നത്. ഏതൊരു തൊഴിൽ എടുക്കുന്നയാൾക്കും മാന്യമായ വേതനം ലഭിക്കുന്ന സാഹചര്യമാണ് കേരളത്തിലുള്ളത്. എന്നാൽ, മത്സ്യത്തൊഴിലാളികളെ സംബന്ധിച്ച് ദാരിദ്ര്യം വിട്ടുപോകാത്ത സാഹചര്യമാണുള്ളത്. അവശതയനുഭവിക്കുന്ന വിഭാഗങ്ങൾ എന്ന നിലയിൽ അവർക്ക് പ്രത്യേക ആനുകൂല്യങ്ങൾ നൽകി വരുന്നുണ്ട്. കേന്ദ്രത്തിൽനിന്ന് പാരിസ്ഥിതികാനു മതി ലഭിക്കാൻ കാലതാമസം ഉണ്ടായെങ്കിലും സമയബന്ധിതമായി വീടുകളുടെ നിർമ്മാണം പൂർത്തിയാക്കാൻ നമുക്ക് കഴിഞ്ഞു'-മുഖ്യമന്ത്രി പറഞ്ഞു.
പിണറായി വിജയൻ സർക്കാരിൽ നിന്നും കിട്ടുന്ന വലിയ സമ്മാനമാണ് ഫ്ലാറ്റ് സമുച്ചയം എന്ന് കായികവകുപ്പ് മന്ത്രി വി അബ്ദുറഹ്മാൻ ഓൺലൈൻ സന്ദേശത്തിൽ പറഞ്ഞു. കടലാക്രമണം നേരിട്ട് ദുരിതമനുഭവിച്ചവർക്കായി സുരക്ഷിത ഭവനം എന്ന സ്വപ്നം യാഥാർത്ഥ്യമായതായി അദ്ദേഹം പറഞ്ഞു. ഇവ കൃത്യമായി പരിപാലിച്ചു പോകണമെന്ന് അദ്ദേഹം ഓർമ്മപ്പെടുത്തി.
നിറമരുതൂർ ഗ്രാമപഞ്ചായത്തിലെ ഉണ്യാലിൽ തീരദേശ ഹൈവേയ്ക്ക് സമീപം ഫിഷറീസ് വകുപ്പിന്റെ അധീനതയിലുള്ള 30 സെന്റ് സ്ഥലത്ത് 2.10 കോടി രൂപ ചെലവിൽ ഹാർബർ എൻജിനീയറിങ് വകുപ്പാണ് ഫ്ലാറ്റുകളുടെ നിർമ്മാണം പൂർത്തീകരിച്ചത്. സാഫല്യം കോംപ്ലക്സ് എന്ന പേരിൽ രണ്ടു ബ്ലോക്കുകളിലായി പതിനാറു ഭവനങ്ങളാണ് ഉള്ളത്. ഒരു വീടിന് 13.5 ലക്ഷമാണ് നിർമ്മാണ ചെലവ്. രണ്ടു ബെഡ്റൂം, ഹാൾ, അടുക്കള, ശുചിമുറി എന്നിവ ഉൾപ്പെടുന്ന വീട്ടിൽ വൈദ്യുതി കണക്ഷൻ, കുടിവെള്ളം, 500 ലിറ്റർ വാട്ടർ ടാങ്ക്, കുഴൽ കിണർ തുടങ്ങിയ സൗകര്യങ്ങളും ഉണ്ട്.
മത്സ്യബന്ധന- സാംസ്കാരിക- യുവജന കാര്യവകുപ്പ് മന്ത്രി സജി ചെറിയാൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. താനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സൈനബ ചേനാത്ത് ശിലാഫലകം അനാച്ഛാദനം ചെയ്തു ഫ്ലാറ്റുകളുടെ താക്കോൽ ഗുണഭോക്താക്കൾക്ക് കൈമാറി. നിറമരുതൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇസ്മായിൽ പുതുശ്ശേരി, മലപ്പുറം ജില്ലാ പഞ്ചായത്ത് മെമ്പർ പി കെ എം ഷാഫി, മത്സ്യഫെഡ് ഭരണസമിതി അംഗവും നിറമരുതൂർ ഗ്രാമപഞ്ചായത്ത് ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ പി പി സൈതലവി, നിറമരുതൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സജിമോൾ കാവീട്ടിൽ, താനൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ നാസർ പോളാട്ട്, താനൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ പ്രേമ, തിരൂർ അർബൻ കോപ്പറേറ്റീവ് ബാങ്ക് ചെയർമാൻ ഇ ജയൻ, വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികൾ തുടങ്ങിയവർ സംബന്ധിച്ചു. ഉത്തരമേഖല ഫിഷറീസ് ജോയിൻ ഡയറക്ടർ ബി കെ സുധീർ കിഷൻ സ്വാഗതവും മലപ്പുറം ജില്ലാ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ സി ആഷിക് ബാബു നന്ദിയും പറഞ്ഞു.
26 August 2025
08 October 2025
പ്രാദേശികം
എ ആര്‍ നഗര് ബ്ലിസ് ബഡ്സ് സ്കൂളില് ബഡ്സ് വാരാചരണം വിപുലമായി ആഘോഷിച്ചു 20 August 2025
പ്രാദേശികം
യുവജന കമ്മീഷൻ മലപ്പുറം ജില്ലാതല അദാലത്ത്: 17 പരാതികൾ തീർപ്പാക്കി 11 January 2026
പ്രാദേശികം
സായുധസേനാ പതാക ദിനം ആചരിച്ചു 07 December 2025
പ്രാദേശികം
ഓണാഘോഷം കളർ ആക്കി വള്ളിക്കുന്ന് സൈനിക കൂട്ടായ്മ 04 September 2025
പ്രാദേശികം
ഓണം ഖാദി മേളയ്ക്ക് തുടക്കം 14 August 2025