മലപ്പുറം : ജില്ലയിലെ ബാങ്കിംഗ് മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി ജില്ലാ ആലോചനാ സമിതിയുടെയും ജില്ലാ തല അവലോകന സമിതിയുടെയും യോഗം പി.എം.ആര്. ഗ്രാന്‍ഡേയ്സില്‍ റവന്യൂ റിക്കവറി ഡെപ്യൂട്ടി കളക്ടര്‍ അന്‍വര്‍ സാദത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു. മലപ്പുറം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.പി.സ്മിജി യോഗം ഉദ്ഘാടനം ചെയ്തു. കാനറ ബാങ്ക്, മലപ്പുറം ലീഡ് ബാങ്ക് ഓഫീസാണ് യോഗം സംഘടിപ്പിച്ചത്.
ജില്ലയിലെ ബാങ്കിംഗ് മേഖലയിലെ പ്രവര്‍ത്തനം, സര്‍ക്കാര്‍ സഹായ പദ്ധതികളുടെ പുരോഗതി, വാര്‍ഷിക വായ്പാ പദ്ധതി നടപ്പാക്കല്‍, ബാങ്കുകള്‍, സര്‍ക്കാര്‍ വകുപ്പുകള്‍, റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ, നാബാര്‍ഡ് എന്നിവ തമ്മിലുള്ള ഏകോപനം എന്നിവ യോഗം വിലയിരുത്തി. കാനറ ബാങ്ക് റീജിയണല്‍ ഓഫീസിലെ അസിസ്റ്റന്റ് ജനറല്‍ മാനേജറും റീജിയണല്‍ ഹെഡുമായ പുലി സായി കൃഷ്ണ സ്വാഗതം ആശംസിച്ചു. ബാങ്കുകളും സര്‍ക്കാര്‍ വകുപ്പുകളും തമ്മിലുള്ള മികച്ച ഏകോപനം വികസന പദ്ധതികളുടെ ഫലപ്രദമായ നടപ്പാക്കലിന് അനിവാര്യമാണെന്ന് അന്‍വര്‍ സാദത്ത് അധ്യക്ഷ പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ തിരുവനന്തപുരം ലീഡ് ജില്ലാ ഓഫീസര്‍ എന്‍.എസ്.അമല്‍ മുഖ്യപ്രഭാഷണം നടത്തി. നാബാര്‍ഡ് ജില്ലാ വികസന മാനേജര്‍ ഭാഗവതി കാര്‍ഷിക വായ്പയുടെയും ഗ്രാമവികസന പ്രവര്‍ത്തനങ്ങളുടെയും അവലോകനം അവതരിപ്പിച്ചു.
ലീഡ് ജില്ലാ മാനേജര്‍ എം.വി.അഞ്ജനദേവ് ജില്ലയിലെ ബാങ്കിംഗ് പ്രകടനം അവതരിപ്പിച്ചു. 2026 മാര്‍ച്ച് 31-ലെ കണക്കുപ്രകാരം ജില്ലയിലെ ആകെ നിക്ഷേപം 55,607 കോടിയും വായ്പ 36,675 കോടിയുമായി. ക്രെഡിറ്റ്-ഡെപ്പോസിറ്റ് അനുപാതം 65.95 ശതമാനമാണെന്നും ഇത് നിയന്ത്രണ മാനദണ്ഡത്തേക്കാള്‍ ഉയര്‍ന്നതാണെങ്കിലും സംസ്ഥാന ശരാശരിയായ 72.88 ശതമാനത്തേക്കാള്‍ താഴെയാണെന്നും യോഗം വിലയിരുത്തി. ജില്ലയില്‍ 610 ബാങ്ക് ശാഖകളാണ് പ്രവര്‍ത്തിക്കുന്നത്.
2025-26 സാമ്പത്തിക വര്‍ഷത്തെ വാര്‍ഷിക വായ്പാ പദ്ധതിയില്‍ 20,070 കോടി ലക്ഷ്യമിട്ടപ്പോള്‍ 21,619 കോടി വായ്പ വിതരണം ചെയ്ത് 108 ശതമാനം നേട്ടം കൈവരിച്ചു. പ്രാഥമിക മേഖലയില്‍ 118 ശതമാനവും ദ്വിതീയ മേഖലയില്‍ 96 ശതമാനവും നേട്ടം കൈവരിച്ചപ്പോള്‍ ത്രിദീയ മേഖലയില്‍ 63 ശതമാനം മാത്രമാണ് കൈവരിച്ചത്. ഈ മേഖലയിലേക്കുള്ള വായ്പാ വിതരണം വര്‍ധിപ്പിക്കാന്‍ ബാങ്കുകള്‍ക്ക് നിര്‍ദ്ദേശം നല്കി.
ഏകദേശം 12 കോടി രൂപയുടെ റവന്യൂ റിക്കവറി കേസുകള്‍ കുടിശ്ശികയുള്ളതായി യോഗം വിലയിരുത്തി. റവന്യൂ വകുപ്പിന്റെ സഹകരണത്തോടെ എല്ലാ ബാങ്കുകളും പ്രത്യേക റിക്കവറി ക്യാമ്പുകള്‍ സംഘടിപ്പിച്ച് കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കാന്‍ തീരുമാനിച്ചു.
'ഖേത് ബചാവോ അഭിയാന്', 'കൃഷിക' മൊബൈല്‍ ആപ്പ് എന്നിവയെക്കുറിച്ച് കര്‍ഷകരില്‍ കൂടുതല്‍ ബോധവത്ക്കരണം നടത്താന്‍ ബാങ്കുകളും കാര്‍ഷിക വകുപ്പും സംയുക്തമായി പ്രവര്‍ത്തിക്കണമെന്നും യോഗം നിര്‍ദ്ദേശിച്ചു. പി.എം.ഇ.ജി.പി., എന്റര്‍പ്രൈസ് സപ്പോര്‍ട്ട് സ്കീം, കിസാന്‍ ക്രെഡിറ്റ് കാര്‍ഡ്, സുഭിക്ഷ കേരളം, എന്‍.ആര്.എല്‍.എം./കുടുംബശ്രീ എസ്.എച്ച്.ജി. ലിങ്കേജ് പദ്ധതി, എസ്.സി./എസ്.ടി. വികസന പദ്ധതികള്‍, തൊഴില്‍ സൃഷ്ടി പദ്ധതികള്‍, വ്യവസായ പ്രോത്സാഹന പദ്ധതികള്‍, ആര്.എസ്.ഇ.ടി.ഐ. പരിശീലന പരിപാടികള്‍ എന്നിവയുടെ പുരോഗതിയും യോഗം വിശദമായി അവലോകനം ചെയ്തു.
കേരളം
വോട്ടർ പട്ടിക പുതുക്കുന്നതിനുള്ള അവസാനതീയതി ഓഗസ്റ്റ് 12 വരെ നീട്ടി 07 August 2025
പ്രാദേശികം
ജില്ലാ ആരോഗ്യ കർമസമിതി യോഗം ചേർന്നു 09 March 2026
പ്രാദേശികം
നിയമസഭാ തെരഞ്ഞെടുപ്പ്: ജില്ലയില്‍ 3,28,10,430 രൂപയുടെ പണവും മദ്യവും മയക്കുമരുന്നും കണ്ടുകെട്ടി 24 March 2026
പ്രാദേശികം
ഡോക്ടറേറ്റ് നേടി 29 July 2025